തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മണിക്കൂറുകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ടാണ്. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം മഴയ്ക്കൊപ്പം 41 മുതൽ 61 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഒഡീഷ, ആന്ധ്ര തീരങ്ങളിലെത്തിയ ഗുലാബ് ചുഴലിക്കാറ്റില്‍ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബോട്ട് തകര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികളും വീട് തകര്‍ന്ന് വീണ് ഗൃഹനാഥനുമാണ് മരിച്ചത്. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആന്ധ്രയിലും കൊങ്കണ്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്.
95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്റെ തീവ്രത കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. തെക്കന്‍ ഒഡീഷയിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലുമാണ് കാര്യമായ നാശനഷ്ടം.