തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വന്തം നിലയില്‍ പദ്ധതി വിപുലപ്പെടുത്തുകയും ഊര്‍ജ്ജസ്വലമാക്കുകയും വേണം. അതിനായി പ്രോജക്ട് തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ടുപോകണം.
പദ്ധതി നടത്തിപ്പിന് ആവശ്യമായ ബയോമെട്രിക് ഉപകരണങ്ങള്‍ക്കും ലാപ്‌ടോപ്പിനും യാത്രാ ചെലവുകള്‍ തുടങ്ങിയവയ്ക്കുമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് രണ്ട് ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും തനത് ഫണ്ടില്‍ നിന്നോ, വികസന ഫണ്ടില്‍ നിന്നോ വിനിയോഗിക്കാം. ഇതോടൊപ്പം വ്യക്തികളില്‍ നിന്നുള്ള സംഭാവനകളും സി എസ് ആര്‍ ഫണ്ടുകളും സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിച്ച് പ്രത്യേക അക്കൗണ്ട് വഴി ചെലവ് ചെയ്യാം. ഇതിന് പുറമെ കലാ, കായിക, വിനോദ, സാംസ്‌കാരിക, വാണിജ്യ മേളകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംഘടിപ്പിച്ചും ധനസമാഹരണം നടത്താമെന്ന് മന്ത്രി വ്യക്തമാക്കി.
മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷ, സി.എം.ഡി.ആര്‍.എഫിലെ സഹായത്തിനുള്ള അപേക്ഷ, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടമെന്ന നിലയില്‍ വാതില്‍ പടി സേവനമായി ലഭ്യമാക്കുന്നത്. ഗുണഭോക്താക്കളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ധനം വിനിയോഗിക്കാം.
അതോടൊപ്പം വീട്ടില്‍ ചെന്ന് മസ്റ്ററിംഗ് നടത്തുന്നതിന് 30 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ വീട്ടിലെത്തി ഓണ്‍ലൈനായി നല്‍കി പ്രിന്റ് നല്‍കുന്നതിന് 20 രൂപയും ഉദ്യോഗസ്ഥനെ വീട്ടിലെത്തിച്ച് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 30 രൂപയും സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി പ്രിന്റെടുത്ത് നല്‍കുന്നതിന് 50 രൂപയും വളണ്ടിയര്‍മാര്‍ക്ക് റീഇമ്പേഴ്‌സ്‌മെന്റായി നല്‍കും. സേവന കേന്ദ്രത്തില്‍ നിന്നും ഗുണഭോക്താക്കളുടെ വീടുകളിലേക്ക് പോകുന്നതിന് കിലോമീറ്ററിന് അഞ്ചുരൂപ നിരക്കില്‍ ഇന്ധന ചിലവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ അധ്യക്ഷന്റേയും കോ- ഓര്‍ഡിനേറ്ററുടെയും പേരില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് രൂപീകരിച്ച് സംഭാവനകളും മറ്റും സ്വീകരിക്കണം. ഈ തുക പ്രത്യേക ഫണ്ടായി സൂക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. അക്കൗണ്ടിന്റെ വിശദാംശങ്ങളും വാതില്‍പ്പടി സേവനത്തിന്റെ വിശദാംശങ്ങളും സോഷ്യല്‍മീഡിയ വഴിയും മറ്റും ജനങ്ങളിലെത്തിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആഹ്വാനം ചെയ്തു.