കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 50000രൂപ വീതം കൊടുക്കാൻ തയ്യാറാണെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു കഴിഞ്ഞു. ധന സഹായം സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള ജില്ലാതല സമിതികൾ 30 ദിവസത്തിനകം രൂപീകരിക്കണമെന്നും കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു. കോവിഡ് സംബന്ധമായ ഇത്തരം കാര്യങ്ങൾ പുരോഗമിച്ചു വരികയാണ്. എന്നാൽ കോവിഡ് മരണം തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത തുടരുന്നു.
സർക്കാർ പ്രഖ്യാപിച്ച 50000രൂപ മരണത്തിന് പരിഹാരമാവുമോ എന്നാണ് പൊതു സമൂഹം ചോദിക്കുന്നത്. ഏതാണ്ട് നാലരലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ ഭൂരിപക്ഷവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ബുദ്ധിമുട്ട് അനുഭവിച്ചവരുമാണ്. അവരുടെ കുടുംബത്തെ ചേർത്ത് നിർത്താനും സംരക്ഷിക്കാനുമുള്ള ബാധ്യത സർക്കാരിന് ഉണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച ഈ ചെറിയ തുകകൊണ്ട് ഈ കുടുംബങ്ങൾക്ക് എങ്ങനെ മുന്നോട്ട് പോകാനാവും എന്ന ചോദ്യം പ്രസക്തമാണ്.
കോവിഡിനെ അതിജീവിച്ച ലക്ഷകണക്കിന് ആളുകൾ രാജ്യത്തുണ്ട്. അവരിൽ പലർക്കും പഴയതു പോലെ ദൈനം ദിന ജോലികൾക്ക് പോകാനോ, പണിയെടുക്കാനോ തന്നെ കഴിയുന്നില്ല. അവരെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഇതുവരെയും അവീഷ്കരിച്ചിട്ടില്ല. പലർക്കും വരുമാനം നിലച്ചവരാണ്. അവരുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരുകൾക്ക് കഴിയണം. കോവിഡിന് ശേഷവും പലവിധ രോഗങ്ങളിൽ പെട്ട് കഴിയുന്നവരുണ്ട്. അവരുടെ തുടർ ചികിത്സക്കുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട്. അതിനുള്ള സർക്കാർ സംവിധാനങ്ങൾ സജ്ജമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
അതിനേക്കാൾ പ്രധാനമായ മറ്റൊരു കാര്യം കോവിഡ് മരണങ്ങളെ കുറിച്ചുള്ള കണക്കുകൾ ഇപ്പോഴും വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അത് ധാരാളം കുടുംബങ്ങൾക്ക് നഷ്ട പരിഹാരം കിട്ടാതെ ആവും. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു ഈ കണക്കുകൾ എത്രയും വേഗം തയ്യാറാക്കേണ്ടതുണ്ട്. അത് സർക്കാരിന് ജനങ്ങളോട് കാണിക്കാവുന്ന ഏറ്റവും വലിയ മനുഷിക പരിഗണനയാണ്. കോവിഡ് തുടരുമ്പോൾ ഇനിയും ധാരാളം പ്രശ്നങ്ങൾ ഉയർന്നു വരും. അതൊക്ക പരിഹരിക്കാനുള്ള സംവിധാനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കാൻ അടിയന്തിരമായി തയ്യാറാവേണ്ടതാണ്. അങ്ങനെ ഉണ്ടാവും എന്ന് നമുക്ക് പ്രതീക്ഷിക്കാം