തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി കൈക്കോള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. കോവിഡ് ഗുരുതര കേസുകൾ ഇപ്പോൾ കുറയുന്നുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരുകോടിയിലേറെ പേർ രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു കഴിഞ്ഞു. മുതിർന്ന പൗരന്മാർ വാക്സിൻ എടുക്കുന്നതിൽ വിമൂഖത കാണിക്കരുതെന്നും ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്.