സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ, വീണ ടിയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ് സ്ഥാപനം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. ഇത് ഷെൽ കമ്പനിയെന്ന് സംശയം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന കമ്പനിക്ക് ഓഫീസില്ല. കമ്പനിയുടെ മേൽവിലാസത്തിൽ ദുരൂഹതയുമുണ്ട്. 2023ൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മേൽവിലാസത്തിലും ദുരൂഹത. മെഡിക്കൽ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന കമ്പനിയെന്ന് രേഖകളിൽ പറയുന്നത്. ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ അക്കൗണ്ടിലെ 15.57 ലക്ഷം ഇഡി മരവിപ്പിച്ചിരുന്നു.
ലേക്കർ ഇന്ത്യ കോർപ്പിന്റെ നടത്തിപ്പ് സംബന്ധിച്ച് അടിമുടി ദുരൂഹതയാണ് ഇഡി സംശയിക്കുന്നത്. ആദ്യം നൽകിയ മൊഴികളിൽ ഈ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരുന്നില്ല. പിന്നീട് ഇഡിയുടെ പരിശോധന സമയത്താണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇഡിയ്ക്ക് ലഭിക്കുന്നത്. രണ്ടാമത്തെ ചോദ്യം ചെയ്യലിലാണ് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ ഇഡിയ്ക്ക് നൽകിയത്. നിയാസ് എന്ന ഒരാളാണ് കമ്പനിയുടെ മറ്റൊരു പാട്ണർ. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിനിടെയാണ് ലേക്കർ ഇന്ത്യ കോർപ് കമ്പനിയുടെ നടത്തിപ്പ് സംബന്ധിച്ച ദുരൂഹത ഇഡിയ്ക്ക് മുന്നിലെത്തുന്നത്.
വീണയുടെ ഡയറിയിലും ഈ പേരുകൾ ഉണ്ടായിരുന്നു. മറ്റൊരു കമ്പനി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലത്തെ പരിശോധന വീണ ടി, ഭർത്താവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് പരിശോധന. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. നിഖിലിന്റെ അശോകപുരത്തെ കോസ്മോസ് ഫ്ലാറ്റിലും, ഫറോക്ക് കരുവൻതുരുത്തിയിലെ വീട്ടിലും ഒരേസമയം പരിശോധന നടത്തി. ഡിടിപിസി ഡെസ്റ്റിനെഷൻ മാനേജറായിരുന്നു നന്ദുലാലിന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി. കേസിൽ രണ്ട് തവണയാണ് വീണ ടിയെ ഇഡി ചോദ്യം ചെയ്തത്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ എന്ത് ചെയ്തു എന്ന ചോദ്യത്തിന് വീണ കൃത്യമായി മറുപടി നൽകിയിട്ടില്ല.
Story Highlights : Masappadi case: ED to conduct investigation focusing on Laker India Corp

















