കൊച്ചി : എറണാകുളം,അങ്കമാലി അതിരൂപതാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണ സമിതിയെ നിയമിച്ച് സർക്കാർ. ഭൂമികേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയെ സമീപിച്ചരുന്നു. അദ്ദേഹം കോടതിയിൽ സമർപ്പിച്ച കറുകുറ്റിയിലെ ഭൂമിയുടെ രേഖകളിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
പ്രസ്തുത രേഖകളിൽ പറയുന്ന ഭൂമിയിൽ പുറമ്പോക്കോ , സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയോ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. ബ്രദേഴ്സ് ഓഫ് റോമൻ കാത്തലിക് കമ്മ്യൂണിറ്റിയുമായി 2007ൽ നിശ്ചയാധാരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ഇടപാട് സംശയകരമാണ് എന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ബ്രദേഴ്സ് ഓഫ് റോമൻ കാത്തലിക് കമ്മ്യൂണിറ്റിക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത് എങ്ങനെയെന്ന് രേഖകളിൽ വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ കോടതി സർക്കാറിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണ കമ്മീഷന് രൂപം നൽകിയത്. അസിസ്‌റ്റൻന്റ് ലാൻഡ് റവന്യൂ കമ്മിഷണർ ബീന എ.ആനന്ദിൻ്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയോട് എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.