കോഴിക്കോട്: തിരുവോണം ബമ്പർ അടിച്ചുവെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചത് സുഹൃത്താണെന്ന് സെയ്തലവി. ലോട്ടറി അടിച്ചെന്ന് സുഹൃത്തായ അഹമ്മദ് വിശ്വസിപ്പിച്ചു. അഹമ്മദ് പിന്നീട് ഇത് തിരുത്തിപ്പറഞ്ഞില്ലെന്നും സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ അയച്ചത് മോർഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തിയ്യതി അയച്ചുതന്ന ടിക്കറ്റ് ഫോണിൽ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം. 11 ന് അഹമ്മദിന് ഗൂഗിളിൽ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
ഈ വർഷത്തെ തിരുവോണം ബമ്പർ ദുബായിലെ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാൽ യഥാർഥത്തിൽ ലോട്ടറി അടിച്ചത് തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണെന്ന് പിന്നീട് തെളിയുകയായിരുന്നു.
അതേസമയം, ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ടിക്കറ്റിന്റെ ഫോട്ടോയാണ് താന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതെന്ന് സുഹൃത്ത് അഹമ്മദും പറഞ്ഞു. തന്റെ കൈയില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇല്ലെന്നും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അഹമ്മദ് വിശദീകരിച്ചു.
ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചത്. തമാശയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പൊലീസിൽ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും സൈബർ സെൽ പരിശോധിക്കട്ടെയെന്നും അഹമ്മദ് കൂട്ടിച്ചേർത്തു.