കണ്ണൂർ: ചെങ്ങളായി തേർളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. തേർളായിയിലെ കെ.വി.ഹാഷിം-കെ.സാബിറ ദമ്പതികളുടെ മകൻ കെ. അൻസബി (16) ആണ് മരിച്ചത്.കാണാതായ സ്ഥലത്തിന്റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലായാരിന്നു മൃതദേഹം. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകുന്നേരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. തേർളായി മദ്രസയിലെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം മൃതദേഹം തേർളായി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കൂട്ടുകാരായ മൂവർ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥി. തുടർന്ന് മറുകരയായ കോറളായി ദ്വീപിലേക്ക് എല്ലാവരും നീന്തുന്നതിനിടെ അൻസബ് ഒഴുക്കിൽപ്പെടുകയായിരുന്നു.