തിരുവനന്തപുരം: ഈഴവ സമുദായത്തിനെതിരെ വിവാദപ്രസ്താവന നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണൻചിറ മാപ്പ് പറഞ്ഞു. തന്‍റെ വാക്ക് മൂലം ആർക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം മാപ്പു ചോദിക്കുന്നുതായി ഫാ. റോയ് കണ്ണൻചിറ പറഞ്ഞു. ‘ഷെക്കെയ്‌ന’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലാണ് ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.
”എന്റെ പരാമർശം കൊണ്ട് കേരളത്തിലെ മതേതര സങ്കൽപ്പത്തെയും സ്‌നേഹ സന്തോഷ ജന്യമായ സമൂഹ നിർമിതിയെയും തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിർമിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാൽ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാൻ മക്കളെ ഉപദേശിക്കണമെന്നാണ് എന്റെ പ്രസ്താവനയുടെ ഉദ്ദേശ്യം”- അദ്ദേഹം പറഞ്ഞു
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർക്ക് പരിശീലനം നല്‍കുന്നുവെന്ന് ഫാ. റോയ് കണ്ണൻചിറ ആരോപിച്ചിരുന്നു.
ലവ് ജിഹാദിനെപ്പറ്റിയും നാര്‍കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം മറ്റ് ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ട് എന്ന് വരെ വിവരം കിട്ടിയിട്ടുണ്ട്. പ്രണയം നടിച്ച് സ്വന്തമാക്കാന്‍ സഭയുടെ ശത്രുക്കള്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നും ഫാ. റോയ് ആരോപിച്ചിരുന്നു.