തിരുവല്ല: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ തെറി പറഞ്ഞ് വാർത്താവതരണം നടത്തുന്ന നമോ ടിവി യൂ ട്യൂബ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം സമുദായത്തിനെതിരെ സ്ഥിരമായി വിഷം ചീറ്റുന്ന, വർഗീയ പരാമർശങ്ങൾ നടത്തുന്ന ചാനലാണ് നമോ ടിവി. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തിരുവല്ല എസ്.എച്ച്.ഒക്ക് ലഭിച്ച പരാതിയിലാണ് കേസ്. ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ വിമര്‍ശിച്ചിരുന്നു. പച്ചത്തെറി വിളിച്ചു പറഞ്ഞിട്ടും പൊലീസ് നോക്കിനില്‍ക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. നമോ ടിവിയുടെ വീഡിയോ സൈബര്‍ സെല്‍ എഡിജിപിക്ക് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതാദ്യമായല്ല ശ്രീജയും നമോ ടിവിയും പച്ചത്തെറി വിളിച്ച് അവതരണം നടത്തുന്നത്. സംഘപരിവാർ അനുകൂല നിലപാട് എടുക്കുകയും മുസ്‌ലിം വിരുദ്ധതയും കോൺഗ്രസ്, സിപിഎം വിരുദ്ധതയുമാണ് ഇവരുടെ മുഖമുദ്ര. മുസ്‌ലിം സ്ത്രീകളെ ഉൾപ്പെടെ അപമാനിക്കുന്ന വീഡിയോ നേരത്തെയും ഇവർ പുറത്തുവിട്ടിരുന്നെങ്കിലും ഇതുവരെ നടപടി ഒന്നും എടുത്തിരുന്നില്ല.