ന്യൂഡൽഹി: അമരീന്ദര്‍ സിംഗ് രാജിവെച്ചതിനെ തുടർന്ന് ഒഴിവു വന്ന പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുഖ്ജിന്തര് സിംഗ് രണ്‍ധാവെയെ തെരഞ്ഞെടുത്തു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായേക്കും. മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്ജിന്തര് സിംഗ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു.
എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായും മറ്റൊരു വിഭാഗം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ആകാനില്ലെന്ന് അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണിയുടെ നിലപാട്.
അതേസമയം ഇടഞ്ഞുനില്‍ക്കുന്ന അമരീന്ദര്‍ സിംഗ് പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സിദ്ദു എത്തിയത് മുതലാണ് അമരീന്ദർ സിംഗ് പ്രതിസന്ധിയിലാവുന്നത്. എംഎൽഎമാരുടെ പിന്തുണ നേടിയ സിദ്ദു കരുതലോടെ കരുക്കൾ നീക്കി. അൻപതോളം എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ മാറ്റണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തുനൽകിയിരുന്നു.