കൊച്ചി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ഔഷധി ചെയർമാനുമായ കെആർ വിശ്വംഭരന്റെ സംസ്കാരം ഇന്നു നടക്കും. രാവിലെ 11 മണിക്ക് പച്ചാളം പൊതു ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.
കാർഷിക സർവകലാശാല മുൻ വി സി ആയിരുന്നു. ഔഷധി ചെയർമാൻ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.നടൻ മമ്മൂട്ടിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു വിശ്വംഭരൻ. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കെആർ വിശ്വംഭരനെ കാണാനും മമ്മൂട്ടി എത്തിയിരുന്നു. ലോ കോളജിൽ മമ്മൂട്ടിയുടെ സഹപാഠിയായിരുന്നു അദ്ദേഹം.
2016 ലാണ് ഔഷധി ചെയർമാനായി കെആർ വിശ്വംഭരൻ ചുമതലയേൽക്കുന്നത്. ട്രാൻസ്ഫോമേഴ്സ് ആന്റ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് ചെയർമാൻ-മാനേജിങ് ഡയറക്ടർ, റബ്ബർ മാർക് മാനേജിങ് ഡയറക്ടർ, ഡിപിഐ ഡയറക്ടർ, കെബിപിഎസ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.