പൈതല്‍മല-പാലക്കയംതട്ട്-കാഞ്ഞിരക്കൊല്ലി ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനം. വനം-ടൂറിസം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. ജോണ്‍ ബ്രിട്ടാസ് എം.പി. സമര്‍പ്പിച്ച പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നത്.
ഉത്തരമലബാറിൻ്റെ ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഈ സര്‍ക്യൂട്ടിൻ്റെ വികസനം വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പിന് വഴിവെക്കുമെന്ന് മന്ത്രിമാരായ എ.കെ.ശശീന്ദ്രനും പി.എ.മുഹമ്മദ് റിയാസും പറഞ്ഞു.
വികസനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വനം-ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധന ഈമാസം തന്നെ നടക്കും. ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഒക്ടോബര്‍ ആദ്യപകുതിയില്‍ തന്നെ മന്ത്രിമാരുടെ നേതൃത്വത്തില്‍ വീണ്ടും യോഗം ചേരും.
പൈതല്‍മല ടൂറിസം പദ്ധതിക്ക് അഞ്ച് പതിറ്റാണ്ടിൻ്റെ ചരിത്രമുണ്ടെങ്കിലും ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ പോലും അവിടെയില്ലെന്ന് ജോണ്‍ബ്രിട്ടാസ് എം.പി. പറഞ്ഞു. സ്വാഭാവിക വനത്തിന് കോട്ടംതട്ടാതെ പൈതല്‍മല പദ്ധതി വനംവകുപ്പിൻ്റെ സഹകരണത്തോടെ നടപ്പാക്കാനാണ് സര്‍ക്കാറിൻ്റെ തീരുമാനം.
പ്രവേശന സംവിധാനങ്ങള്‍, ട്രക്കിങ് പാത്ത് വേകള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ് സൗകര്യം, ഇക്കോ ഷോപ്പുകള്‍, വാച്ച് ടവര്‍, വ്യൂ പോയിന്റ് എന്നിവ നിര്‍മിക്കും. കുറിഞ്ഞിപ്പൂക്കള്‍ ഉള്‍പ്പെടെയുള്ള ജൈവവൈവിധ്യങ്ങളുടെ സൂചകങ്ങള്‍ തയ്യാറാക്കല്‍, ബൈനോക്കുലര്‍ സംവിധാനം, ടൂറിസം റിസോര്‍ട്ട് പുനരുദ്ധാരണം തുടങ്ങിയവയും ഉടന്‍ യാഥാര്‍ഥ്യമാക്കും.
കാരവന് പദ്ധതി, ടെന്റുകള്‍, ഹട്ടുകള്‍, റോപ്പ് വേ എന്നിവ ഉള്‍പ്പെടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട പദ്ധതികള്‍ സംബന്ധിച്ചും വിദഗ്ധസംഘത്തിന്റെ സന്ദര്‍ശനത്തിനുശേഷം രൂപരേഖ തയ്യാറാക്കും.കാഞ്ഞിരക്കൊല്ലിയുടെ വികസനസാധ്യതകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വനംവകുപ്പ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കും.
പാലക്കയംതട്ടിൻ്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് എം.പി. സമര്‍പ്പിച്ച കരട് നിര്‍ദേശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്കി. ഇവിടെ സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ചുള്ള പരാതികള്‍ അന്വേഷിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.