റാഞ്ചി: കോവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി ജാർഖണ്ഡ് സർക്കാർ. സെപ്തംബർ 20 മുതലാണ് ക്ലാസുകൾ പുന:രാരംഭിക്കുക. 6 മുതൽ 8 ാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
സാമൂഹിക അകലം പാലിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ഗ്രൂപ്പ് പ്രവർത്തനങ്ങളും പരീക്ഷകളും നിരോധിച്ചിരിക്കുകയാണ്. എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും നിർബന്ധമായ മാസ്‌ക്കുകൾ ധരിക്കണം. ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപകർക്കും വാക്സിനുകൾ നിർബന്ധമായും നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.സ്‌കൂളുകളിൽ എയർ കണ്ടീഷനിംഗിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കണമെന്നാണ് നിർദ്ദേശം.അതോടൊപ്പം ക്ലാസുകൾ നാല് മണിക്കൂറിൽ കൂടാനും പാടില്ല. ഉച്ചയ്‌ക്ക് 12 മണിവരെയാണ് ക്ലാസുകൾ നടത്താൻ അനുമതി.
















