കോവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഇന്ത്യക്കാരാണെന്ന് അന്താരാഷ്ട്ര പഠനം. സോഷ്യല്‍ മീഡിയ വഴിയാണ് ഇന്ത്യക്കാര്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെയുണ്ടായ കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളില്‍ ആറില്‍ ഒന്നും ഇന്ത്യയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അന്താരാഷ്ട്ര അക്കാദമിക ജേണലായ ‘സേജി’ന്റെ പഠനത്തില്‍ പറയുന്നു.
138 രാജ്യങ്ങളിലായി കോവിഡ് 19 സംബന്ധിച്ച് പ്രചരിക്കുന്ന 9657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ചാണ് കാനഡയിലെ ആല്‍ബെര്‍ട്ടാ സര്‍വ്വകലാശാലയുമായി ചേര്‍ന്നുള്ള പഠനം നടന്നത്. വ്യാജ വിവരങ്ങളില്‍ 18 ശതമാനത്തിന്റെയും ഉറവിടം ഇന്ത്യയാണ്. ഒന്‍പത് ശതമാനത്തോടെ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലും. 8.6 ശതമാനത്തോടെ അമേരിക്ക മൂന്നാം സ്ഥാനത്തുമുണ്ട്.
ഡിജിറ്റല്‍ വിവരങ്ങള്‍ സംബന്ധിച്ച ധാരണക്കുറവാണ് ഇത്തരം തെറ്റായ പ്രചാരണം വിശ്വസിക്കാന്‍ കാരണമാകുന്നതെന്നാണ് പഠനം വിശദമാക്കുന്നത്. കോവിഡ് മരണങ്ങള് ഉയരുന്നതിന് ആനുപാതികമായി വ്യാജ വിവരങ്ങളുടെ പ്രചാരണത്തിലും ഉയര്‍ച്ചയുണ്ടായതായും പഠനം വിശദമാക്കുന്നു.
കോവിഡ് വ്യാജ പ്രചാരണങ്ങളിലും കോവിഡ് മരണങ്ങളിലും ആദ്യ സ്ഥാനങ്ങളിലുള്ളത് ഇന്ത്യ, അമേരിക്ക, ബ്രസീല്‍, സ്പെയിന്, ഫ്രാന്‍സ്, ടര്‍ക്കി, കൊളംബിയ, അര്‍ജന്റീന, ഇറ്റലി, മെക്സിക്കോ എന്നീ രാജ്യങ്ങളാണ്. 2020 മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ് ഏറ്റവുമധികം വ്യാജ പ്രചാരണം കോവിഡ് സംബന്ധിയായി നടന്നത്.
കോവിഡ് 19 വാക്സിന് ശരീരത്തില്‍ കാന്തിക വസ്തുക്കളെ ഉരുവാക്കുന്നുവെന്നും, മൂക്കില്‍ നാരങ്ങാവെള്ളം ഒഴിച്ചാല്‍ കൊറോണ വൈറസ് നശിക്കുമെന്നും, ഏലക്ക, കര്‍പ്പൂരം, ചോളം എന്നിവ പോക്കറ്റില്‍ സൂക്ഷിക്കുന്നത് കൊറോണയെ തുരത്തുമെന്നും അടക്കമുള്ള പ്രചാരണങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.