ജിത്തു ജോസഫ് സംവിധാനം ചെയ്ത സുപ്പര്‍ഹിറ്റ് മലയാളം ചിത്രം ദൃശ്യം വീണ്ടും റീമേക്കിന് ഒരുങ്ങുന്നു. ഇത്തവണ ഇന്തോനേഷ്യൻ ഭാഷയിലേക്കാണ് ദ്യശ്യം റീമേക്ക് ചെയ്യുക. ചിത്രത്തിന്റെ ഏഴാമത്തെ റീമേക്ക് ആണിത്. നേരത്തെ സിംഹള, ചൈനീസ് ഭാഷകളിലേക്കും മറ്റു ഇന്ത്യൻ ഭാഷകളിലും സിനിമ റീമേക്ക് ചെയ്തിരുന്നു. ആശിർവാദ് സിനിമാസാണ് പുതിയ റീമേക്കുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ടത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FAashirvadCinemasOfficial%2Fposts%2F401204664704390&show_text=true&width=500
ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ഇതോടെ ദൃശ്യം. 2013ലെ ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ദൃശ്യം മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും പാപനാശം എന്ന പേരില്‍ തമിഴിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധര്‍മ്മയുദ്ധയ എന്നായിരുന്നു സിംഹള റീമേക്കിന്‍റെ പേര്. ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്നായിരുന്നു ചൈനീസ് റീമേക്കിന്‍റെ പേര്.
കോവിഡ് കാലത്ത് ചിത്രീകരിച്ച ദൃശ്യം 2 ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ദൃശ്യത്തിന് ലഭിച്ചതിന് സമാനമായ സ്വീകരണമാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനും ലഭിച്ചത്.