തിരുവനന്തപുരം: പി ഡി പി മുൻ ആക്റ്റിംഗ് ചെയർമാനും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.
നേരത്തെ പി ഡി പി വര്‍ക്കിങ് ചെയര്‍മാനായിരുന്നു. മൂന്നു തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പി ഡി പി ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് മത്സരിച്ചത്.
1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി ഡി പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി ഡി പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.
ഇടക്കാലത്ത് അബ്ദുന്നാസർ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുറത്തുപോയിരുന്നു. പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി.