കാസർകോട് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ രാഷ്ട്രീയപ്രേരിതമാണെന്നും, നിയമവ്യവസ്ഥയോട് വിശ്വാസം ഉളളതുകൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും സുരേന്ദ്രൻ പറഞ്ഞു.
സുന്ദരയെ അറിയില്ല, താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നാണ് സുരേന്ദ്രന്റെ മൊഴി. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ചിനുമുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടിസ് നൽകിയത്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്.
ഐ.പി.സി. 171 B, E വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക പ്രതിയും സുരേന്ദ്രനാണ്. കാസർകോട് ഗസ്റ്റ് ഹൗസിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.