കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ആയതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‍കാരം നാളെ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 55 വയസ്സായിരുന്നു അദ്ദേഹത്തിന്. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു.
സുന്ദര വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രോക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടനാണ് റിസ ബാവ. 1984 ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമയില്‍ ചുവടുറപ്പിച്ചത് ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയിലൂടെയായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്.
















