അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ചടങ്ങുകൾ നടക്കുന്നത്. ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ.ഘാട്ലോദിയ മണ്ഡത്തിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം. ഇന്നലെ വൈകിട്ട് ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് ഭൂപേന്ദ്രിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.
തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിരുൾപ്പെടെ അഭിനന്ദനവുമായി രംഗത്തെത്തി. മുൻ മുഖ്യമന്ത്രി വിജയ് രുപാണിയാണ് ഭൂപേന്ദ്ര പട്ടേലിന്റെ പേര് സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കി നിൽക്കെയാണ് ഗുജറാത്തിൽ പുതിയ മുഖ്യമന്ത്രി സ്ഥാനമേൽക്കുന്നത്.
















