ന്യൂഡല്‍ഹി: മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു മാസത്തിനകം കൊവിഡ് വാക്‌സിൻ നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതി. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന മുഴുവൻ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരു മാസത്തിനകം വാക്‌സിൻ നൽകണം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നിർദേശം നൽകി.
അതേസമയം, ആശുപത്രികളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും പാർപ്പിച്ചിരിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസർക്കാരിന് നേരത്തെ നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികൾക്ക് മുഖ്യ പരിഗണന നൽകുമെന്നും, വാക്സിനേഷന് പദ്ധതി തയാറാക്കുമെന്നുമുള്ള അഡിഷണൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ നൽകിയ ഉറപ്പ് കോടതി രേഖപ്പെടുത്തി. മാനസിക വെല്ലുവിളി നേരിടുന്നരുടെ വാക്സിനേഷനിൽ സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
















