ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ രമ്യ ഹരിദാസിനെതിരെ പാർട്ടിക്ക് ഉള്ളിൽ പടയൊരുക്കം. രമ്യയെ കെപിസിസി ഭാരവാഹിത്വത്തിൽ നിന്നും വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. വിവാദത്തിന്റെ മറുവശത്തുള്ള ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവും ഉയർന്നു. ഈ വിഷയങ്ങൾ ഇന്നത്തെ കെപിസിസി ഭാരവാഹി യോഗത്തിൽ ചർച്ചയാകും.
കയ്യാങ്കളി വിവാദത്തിലൂടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്നാണ് കോൺഗ്രസിനകത്ത് മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. വിവാദങ്ങളിൽ നായകനായ പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള നീക്കവും രമ്യ ഹരിദാസിൻ്റെ ഭാഗത്ത് നിന്നുണ്ടായി. അതിനായി സ്പീക്കറുടെ ഓഫീസിനെ അടക്കം സമീപിച്ചത് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഈ വിഷയത്തിൽ പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രമ്യക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമോ എന്നതും ഇന്നത്തെ യോഗത്തിന് ശേഷം വ്യക്തമാകും. അതേസമയം കയ്യാങ്കളിയിൽ കെപിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. കമ്മീഷൻ ഇന്ന് റിപ്പോർട്ട് കൈമാറിയേക്കും.

















