ലഖ്‌നൗ: പശുവിന് മൗലികാവകാശം നല്‍കുന്നത്തിന് പാര്‍ലമെന്റ് നിയമം പാസാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്ജ് ശേഖര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടു.
ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ജസ്‌റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഈ നിരീക്ഷണം നടത്തിയത്.
ഹര്‍ജിക്കാരനായ ജാവേദിന് ജാമ്യം നിഷേധിച്ച കോടതി പാര്‍ലമെന്റ് പശുവിന് മൗലികാവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാസാക്കി പശുവിനെ ദേശീയ മൃഗമാക്കണമെന്നും അഭിപ്രായപ്പെട്ടു. പശുവിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം സര്‍ക്കാര്‍ നടപ്പാക്കണമെന്നും സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.
പശുവിനെ സംരക്ഷിക്കുക എന്നത് ഒരു മതത്തിന്റെ മാത്രം പ്രവര്‍ത്തനമല്ല അത് ഇന്ത്യയുടെ മൊത്തം സംസ്‌കാരമാണെന്നും പശുവിനെ സംരക്ഷിക്കേണ്ട കടമ രാജ്യത്തെ ഓരോ പൗരനുമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേ തരത്തില്‍ പൗരന്മാര്‍ ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. മുമ്പും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുളള ജാവേദിന് ജാമ്യം അനുവദിച്ചാല്‍ സാമൂഹ്യസൗഹാര്‍ദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു.
















