തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. രോഗികളുടെ എണ്ണം ഏറ്റവും കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് മരണം കുറച്ച് നിർത്തുന്നതിലും വാക്‌സിനേഷനിലും സംസ്ഥാനം മുന്നിലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ ഓരോ ദശലക്ഷത്തിലും നടത്തുന്ന പരിശോധനകളിൽ രാജ്യത്ത് ഒന്നാംനിരയിലാണ് കേരളം. രോഗികളെയും രോഗം വരാൻ സാധ്യതയുള്ളവരെയും കണ്ടെത്തുക എന്നതുപോലെ പ്രധാനമാണ് ചികിത്സയും ഉറപ്പാക്കുക എന്നതും. സംസ്ഥാനത്ത് ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ, സുരക്ഷാ ഉപകരണങ്ങൾ, ഓക്സിജൻ ലഭ്യത എന്നിവയെല്ലാം വർധിപ്പിച്ചു. മൂന്നാം തരംഗത്തെ നേരിടുന്നതിനും നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി .

















