ന്യൂഡൽഹി: മൂന്ന് വനിത ജഡ്ജിമാർ ഉൾപ്പെടെ ഒമ്പത് പേർ സുപ്രീംകോടതിയിലെ പുതിയ ജഡ്ജിമാരായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ജഡ്ജിമാർ ഒരേസമയം സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒമ്പത് ജഡ്ജിമാർ കൂടി വരുന്നതോടെ സുപ്രീംകോടതിയുടെ അംഗബലം ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 33 ആയി ഉയരും. 34 ആണ് അനുവദിക്കപ്പെട്ട പരമാവധി എണ്ണം.
രാവിലെ പത്തരയ്ക്ക് സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ സത്യാവാചകം ചൊല്ലിക്കൊടുക്കും. നേരത്തെ ചീഫ് ജസ്റ്റീസിന്റെ കോടതിയിലായിരുന്നു ചടങ്ങ് നടന്നിരുന്നത്. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ നിയുക്ത ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഇന്നലെയോടെ ഡൽഹിയിലെത്തി.സത്യപ്രതിജ്ഞ ദൂരദർശനിലും സുപ്രീംകോടതി വെബ്സൈറ്റിലും തത്സമയം സംപ്രേഷണം ചെയ്യും.
















