കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി എംഎല്‍എ തന്മയ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. മുതിർന്ന തൃണമൂൽ നേതാവ് ബ്രത്യ ബസുവിന്റെ സാന്നിധ്യത്തിലായിരുന്നു ബിഷ്ണുപുര്‍ എംഎല്‍എയായ തൻമയ് ഘോഷ് വീണ്ടും തൃണമൂലിലെത്തിയത്. പ്രതികാര രാഷ്ട്രീയമാണ് ബി.ജെ.പിയുടേതെന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അതിനാലാണ് ബിജെപി വിട്ടതെന്നും തൻമയ് ഘോഷ് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുന്‍ തൃണമൂല്‍ നേതാവായ തന്മയ് ഘോഷ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയില്‍ ചേർന്നത്. 292 അംഗ സഭയിൽ ബി.ജെ.പിക്ക് 77 അംഗങ്ങളാണുള്ളത്.
തന്മയ് ഘോഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത സംസ്ഥാന വിദ്യാഭാസ മന്ത്രി ബ്രതെയ ബസു തെരഞ്ഞെടുപ്പ് തോൽവിക്ക് തൃണമൂൽ കോൺഗ്രസിനോട് പ്രതികാരം ചെയ്യുകയാണ് ബി.ജെ.പിയെന്നും ആരോപിച്ചു.
















