തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ പുതിയ തർക്കങ്ങൾ യുഡിഎഫിലേക്കും എത്തുന്നതായി സൂചന. ഘടക കക്ഷിയായ ആർഎസ്പി യുഡിഎഫ് വിടാനൊരുങ്ങുന്നുവെന്ന് വിവരങ്ങൾ പുറത്തുവരുന്നു. യുഡിഎഫ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആർഎസ്പി തീരുമാനിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് യുഡിഎഫിനുള്ളിൽ ഉഭയകക്ഷി ചർച്ച നടത്തണമെന്ന് നേരത്തെ ആർഎസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഇതോടെയാണ് കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സെക്രട്ടറിയേറ്റ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചത്.
മുന്നണി വിടുന്നതിനെക്കുറിച്ചും പാർട്ടിയിൽ ആലോചനയുണ്ടെന്നാണ് വിവരം. നേരത്തെ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളാണ് ആർഎസ്പിയെ യുഡിഎഫിലെത്തിക്കാൻ ചുക്കാൻ പിടിച്ചത്. എന്നാൽ കെ സുധാകരനും വി ഡി സതീശനുമടക്കമുള്ള പുതിയ സംസ്ഥാന നേതൃത്വം ഉമ്മൻചാണ്ടി- ചെന്നിത്തല വിഭാഗങ്ങളെ ഒതുക്കുന്നുവെന്ന അതൃപ്തി ആർസ്പിക്കുള്ളിൽ രൂപപ്പെട്ട് കഴിഞ്ഞു.

















