ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പിത്തോറഗഢിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്. ജുമ്മ ഗ്രാമത്തിലെ ജമ്രി, തർകോട്ട് പ്രദേശങ്ങളിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് സ്ഥിതിചെയ്യുന്ന വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വിഴുകയായിരുന്നു.
കഴിഞ്ഞ 4-5 ദിവസമായി പിത്തോറഗഢ് ജില്ലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ജില്ലയിലെ മറ്റുപലയിടങ്ങളിലും മണ്ണിടിച്ചിൽ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ കാണാതായ 23കാരിക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.പിത്തോറഗഢ് ജില്ലയിലും നൈനിറ്റാൾ, ബാഗേശ്വർ പ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
















