ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിലെന്ന് കണക്കുകൾ. 24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥീരികരിച്ചതില്‍ 32,801 പേരും കേരളത്തില്‍ നിന്നാണ്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്. പ്രതിദിന മരണക്കണക്കിലും കേരളം തന്നെയാണ് ഇന്നും ഒന്നാമത്.
179 മരണം കേരളത്തിലും 170 മരണവും മഹാരാഷ്ട്രയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ കേസുകളും മരണവും അഞ്ചിരട്ടി വരെയാണ്. കോവിഡ് മരണം മൂന്നക്കം കടന്നിട്ടുള്ളത് ഈ രണ്ട് സംസ്ഥാനങ്ങളിലും മാത്രമാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഇന്നലെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോവിഡ് വ്യാപനം കൂടുതല്‍ ഉള്ള ക്ലസ്റ്ററുകളില്‍ കേരളം പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകള്‍ കൂടുന്നതിനാല്‍ കൂടുതല്‍ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സീൻ കൂടുതല്‍ നല്‍കുന്നതിനായി പദ്ധതി ആവിഷ്കരിക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

















