ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ തിരുപ്പതി സ്വദേശികളായ അഞ്ചുപേര്‍ അറസ്റ്റില്‍. മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളെ പിടികൂടാനായത്. പെൺകുട്ടി ചികിത്സയിലായതിനാൽ തന്നെ മൊഴി എടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിൽനിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലും മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും ഒടുവിലാണ് പ്രതികളെ പിടികൂടാനായതെന്ന് കർണാടക ഡി.ജി.പി പ്രവീൺ സൂദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
















