ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. പുതിയ വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ മാര്‍ക്കാണ് കേന്ദ്രം പുറത്തിറക്കിയത്. ബിഎച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം.
നിലവില്‍ ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ സ്ഥിരമായി മറ്റിടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ റീ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് ബിഎച്ച് സീരീസ്. വാഹന ഉടമയ്ക്കു താത്പര്യമുണ്ടെങ്കില്‍ ഈ സംവിധാനം ഉപയോഗിക്കാം. നിലവില്‍ പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാണ് ഇത് ഉപയോഗിക്കാനാവുക.
സംസ്ഥാനാന്തര ട്രാന്‍സ്ഫര്‍ ലഭിക്കുന്ന ജോലി ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം കൂടുതല്‍ പ്രയോജനകരമാവുക. വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷംതോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക.ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്‍.ടി.ഒ ഓഫീസുകളില്‍ പോകേണ്ടതില്ല.
















