മൈസൂരു; മൈസൂരു കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ മലയാളികളടക്കമുള്ള എൻജിനിയറിങ് വിദ്യാർഥികളാണെന്ന് സൂചന. മൂന്നുപേർ മലയാളികളും മറ്റൊരാൾ തമിഴ്നാട്ടുകാരനുമാണെന്ന് പോലീസ് സംശയിക്കുന്നു. നാലുപേരും കേരളത്തിൽ ഒളിവിൽ കഴിയുകയാണെന്നും ഇവരെ കസ്റ്റഡിയിലെടുക്കാൻ കർണാടക പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നുമാണ് വിവരം.
സംഭവം നടന്ന ചൊവ്വാഴ്ച രാത്രി മൈസൂരു ചാമുണ്ഡി കുന്നിെൻറ താഴ്വരയിലെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിെൻറ സംശയം ഇവരിലേക്കെത്തിയത്. സംഭവ സ്ഥലത്തെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച എൻജിനീയറിങ് വിദ്യാർഥികളായ നാലുപേരും മൈസൂരുവിലുണ്ടായിരുന്നതായാണ് വിവരം.
എന്നാൽ, സംഭവം നടന്നതിനുശേഷം ഇവർ ബുധനാഴ്ചത്തെ പരീക്ഷ എഴുതിയിരുന്നില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതും പൊലീസിെൻറ സംശയം വർധിപ്പിക്കുകയാണ്. ഇതേത്തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണ സംഘം പുറപ്പെട്ടതായാണ് വിവരം. ചാമരാജ്നഗറിലും ചിക്കമഗളൂരുവിലും അന്വേഷണം നടത്തുന്നുണ്ട്. 80 പൊലീസ് ടീമുകൾ പല സ്ഥലത്തായാണ് അന്വേഷണം നടത്തുന്നത്.
അതേസമയം സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാണ്. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് കൂട്ടുകാരനെ ആക്രമിച്ചശേഷം ഇതര സംസ്ഥാനത്തുനിന്നുള്ള എം.ബി.എ വിദ്യാർഥിനിയായ 22 വയസ്സുകാരിയെ ആറംഗസംഘം ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. സ്ഥിരമായി ജോഗിങ്ങിന് പോകുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും 25 വയസ്സിനും 30വയസ്സിനും ഇടയിലുള്ളവരാണ് പ്രതികളെന്നുമാണ് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിെൻറ മൊഴി.
















