ന്യൂഡൽഹി: കേന്ദ്ര സർക്കാറിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) പോസ്റ്ററിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിന് ഇടമില്ല. ആസാദികാ അമൃത് മഹോത്സവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ പോസ്റ്ററിലാണ് നെഹ്‌റുവിനെ വെട്ടി മാറ്റിയത്. ഇതിന് പകരം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യൻ വി ഡി സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തു.
പ്രധാനപ്പെട്ട എട്ടു നേതാക്കളുടെ പട്ടികയിൽ മഹാത്മാഗാന്ധി, ബി ആർ അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ് എന്നിവർക്കൊപ്പമാണ് സവർക്കറെയും ഉൾപ്പെടുത്തിയത്. എന്നിവർ പോസ്റ്ററിലുണ്ട്. അന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയാണ് പുറത്ത് വന്നത് എന്നതിന് ചരിത്ര രേഖകളുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത് പലസമയത്തും ബ്രിട്ടീഷ് അനുകൂലിയായിരുന്നു.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും അടക്കമുള്ള അടക്കമുള്ള 387 മലബാർ സമരനായകരെ സ്വാതന്ത്ര്യസമര നായകരുടെ പട്ടികയിൽ നിന്ന് വെട്ടി മാറ്റാനുള്ള ഐ.സി.എച്ച്.ആർ റിപ്പോർട്ട് വലിയ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.
















