തൃശ്ശൂർ: തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ കയ്യാങ്കളി. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട യോഗത്തിലാണ് അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയറെ കൈയ്യേറ്റം ചെയ്യാൻ പ്രതിപക്ഷ അംഗങ്ങൾ ശ്രമിച്ചപ്പോൾ ഇത് തടയാനെത്തിയ ഭരണപക്ഷ അംഗങ്ങൾ എത്തി. ഈ സമയത്താണ് സംഘർഷം നടന്നത്.
മേയറെ ഭരണപക്ഷ അംഗങ്ങൾ മാറ്റി. കോർപ്പറേഷനിൽ 30 പേരാണ് പ്രതിപക്ഷത്തുള്ളത്. 25 പേരാണ് ഭരണപക്ഷത്തുള്ളത്. മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ മാസ്റ്റർപ്ലാൻ നടപ്പിലാക്കൂവെന്നായിരുന്നു മേയർ പറഞ്ഞിരുന്നത്.
കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തീരുമാനമുണ്ടാകുന്നതുവരെ രാപ്പകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മേയറുടെ അടുത്തേക്ക് ഇരച്ചെത്തി. പ്രതിരോധിക്കാൻ ഭരണപക്ഷ അംഗങ്ങളും എത്തിയതോടെ വാക്കേറ്റമുണ്ടായി. വാക്കേറ്റം കൈയ്യാങ്കളിയിലേക്കും തമ്മിൽത്തല്ലിലേക്കും പോയി. ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ പലർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അതേസമയം മേയറെ കൈയ്യേറ്റം ചെയ്യുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പിന്നീട് വാദിച്ചു. ഭൂമാഫിയയുമായുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്നും ഈ മാസ്റ്റര്‍പ്ലാന്‍ നടന്നാല്‍ 85 ശതമാനം ഭൂമിയും നികത്തേണ്ടിവരുമെന്നും തൃശൂര്‍ നഗരം മുഴുവന്‍ വെള്ളക്കെട്ടിലാകുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

















