കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ.നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറി. പണക്കിഴി വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
നഗരസഭയുടെ 2021-22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്താൻ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിലാണ് പ്രതിഷേധം.ഓണസമ്മാന വിവാദത്തിന് ശേഷം ചേരുന്ന ആദ്യ കൗൺസിൽ യോഗമായത് കൊണ്ട് യോഗം വലിയ പ്രതിഷേധങ്ങൾക്ക് വേദിയായി. സംഭവത്തിൽ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം.കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണമാണ് നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ ഉയർന്നത്. എന്നാൽ കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അജിത തങ്കപ്പന്റെ പ്രതികരണം.
അതേസമയം വിഷയത്തിൽ അന്വേഷണം നടത്തിയ പാർട്ടി അന്വേഷണ കമ്മീഷൻ ചെയർപേഴ്സൺ പണം വിതരണം ചെയ്തിട്ടില്ലെന്നും ചെയർ പേഴ്സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നുമാണ് കണ്ടെത്തിയത്. തൃക്കാക്കരയിൽ നടന്നത് പാർട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമെന്നാണ് അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

















