തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃക തെറ്റാണെന്നാണ് പറയുന്നവർ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത് എന്നുകൂടി പറയണമെന്ന് പിണറായി കുറ്റപ്പെടുത്തി.ജനവികാരം സര്‍ക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
“കോവിഡിന്‍റെ ഫലമായി കേരളത്തില്‍ ഒരാള്‍ക്കു പോലും വിശന്ന് അന്തിയുറങ്ങേണ്ടി വന്നിട്ടില്ല. അത് ഭരണസംസ്കാരത്തിലെ മാറ്റമാണ്. കഴിയാവുന്ന വിധത്തില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു നിര്‍ത്താനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. പിന്നെ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല.
കേരളത്തില്‍ ആര്‍ക്കും ആരോഗ്യസേവനങ്ങള്‍ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിയില്‍ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സീറോ പ്രിവലെന്‍സ് സര്‍വ്വേകളാണ് ഇന്ത്യയില്‍ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകള്‍ക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്. വാക്സീനേഷന്‍റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിന്‍ പോലും നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് നമ്മള്‍ ജനങ്ങളെ വാക്സിനേറ്റ് ചെയ്തു. അങ്ങനെ ലഭിച്ചതിലുമധികം വാക്സിനുകള്‍ നല്‍കിയ ഏക സംസ്ഥാനമായി കേരളം മാറി.
മൂന്നാംതരംഗത്തെ നേരിടാനുളള ഇടപെടലുകള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്. തദ്ദേശീയമായി വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്”.അനാവശ്യ വിവാദങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

















