തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാര്‍ നൂറു നാള്‍ പിന്നിടുന്നു.തുടക്കം മുതല്‍ നിരവധി വിവാദങ്ങളാണ് സര്‍ക്കാരിന് വെല്ലുവിളിയായത്. കൊവിഡ് അതിവ്യാപനവും മുട്ടിൽ മരം മുറി വിവാദവും സെഞ്ച്വറി കാലത്ത് സർക്കാരിനെ വട്ടംകറക്കുന്നു.എട്ട് സീറ്റ് അധികം നേടിയായിരുന്നു രണ്ടാം പിണറായി സർക്കാർ കരുത്ത് കൂട്ടി തുടർഭരണം നേടിയത്.
ഒന്നാംസർക്കാരിന്റെ അവസാനകാലത്ത് തുടക്കമിട്ട നൂറുദിന കർമപദ്ധതികൾ അതേരീതിയിൽ പിന്തുടർന്നായിരുന്നു സർക്കാരിന്റെ തുടക്കം. ജൂൺ 11-ന് പുതിയ സർക്കാരിന്റെ ആദ്യ 100 ദിന കർമപരിപാടികളും പ്രഖ്യാപിച്ചു. 30 വകുപ്പുകളിലായി 141 പദ്ധതികളാണ് നടപ്പാക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 19-നാണ് 100 ദിനമെന്ന പദ്ധതി കാലാവധി തീരുന്നത്. എന്നാൽ, പ്രതീക്ഷിച്ച പുരോഗതി ഈ സമയത്തുണ്ടായില്ല. വ്യാഴാഴ്ച മുഖ്യമന്ത്രി പദ്ധതികളുടെ അവലോകനം നടത്തി. ലക്ഷ്യം പൂർത്തിയാക്കാനുള്ള ‘എനർജി ബൂസ്റ്റിങ്’ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി.
സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. എല്ലാമേഖലയിൽനിന്നുള്ള വരുമാനവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിയ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ യജ്ഞം എന്നീ നാല് മിഷനുകളും, പ്രളയാനന്തരം തുടങ്ങിയ കേരള പുനനിർമാണവും ഒരുകുടക്കീഴിലാക്കിയാണ് പുതിയ സർക്കാരിന്റെ പദ്ധതിനിർവഹണം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ മുട്ടില്‍ മരംമുറി വിവാദമായത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. ഉന്നതര്‍ ഉള്‍പ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷം ആരോപണവുമായെത്തി. കരുവന്നൂരടക്കം ചില സഹകരണ സംഘങ്ങളിലെ അഴിമതിയും സര്‍ക്കാരിനു തലവേദനയായി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നീട്ടിയ പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി വീണ്ടും നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചില്ല. മുട്ടിലിഴഞ്ഞും മുടി മുറിച്ചും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ കണ്ണീരോടെ മടങ്ങി.
കുണ്ടറ സ്ത്രീ പീഡന വിഷയത്തില്‍ പരാതി പിന്‍വലിക്കാന്‍ ഇടപെട്ടെന്ന ശബ്ദരേഖയിലൂടെ ഫോണ്‍ ഇത്തവണയും മന്ത്രി എ.കെ ശശീന്ദ്രന് കെണിയായി. സഖ്യകക്ഷിയായ ഐഎന്‍എല്‍ പിളര്‍ന്നതും തെരുവില്‍ തമ്മിലടിച്ചതും നൂറു ദിവസത്തിനിടെയാണ്. കിറ്റെക്‌സ് വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പ്രതിപക്ഷം ആയുധമാക്കി.നിയമസഭാ കയ്യാങ്കളി കേസിലെ തിരിച്ചടിയും ശശീന്ദ്രനെ വെട്ടിലാക്കിയ ഫോണ്‍വിളിയും തല്ലും നൂറാം ദിനത്തിൽ കണക്കെടുപ്പിൽ നിറംമങ്ങിയ ഏടുകളാണ്.

















