കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
അതേസമയം കസ്റ്റംസിന്റെ കണ്ടെത്തൽ അനുസരിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ്. അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ ജൂണ്‍ 28നാണ്. അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്ത് മാത്രമല്ല കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന പണിയും ഉണ്ട്. ഇതിനായി കണ്ണൂരിൽ ഇയാൾക്ക് ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ ഉണ്ടായിരുന്നതായും കസ്റ്റംസ് നേരത്തെ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

















