കോവിഡ് വാക്സിന് രണ്ട് ഡോസുമെടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറന്ന് കൂടുതല്‍ രാജ്യങ്ങള്‍. ശ്രീലങ്കയാണ് ഈ പട്ടികയില്‍ അവസാനം ഇടംപിടിച്ച രാജ്യങ്ങളിലൊന്ന്. കോവിഷീല്‍ഡ്, കോവാക്സിന് എന്നീ രണ്ട് വാക്സിനുകളെയും ശ്രീലങ്ക അംഗീകരിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അധികരാജ്യങ്ങളും കോവിഷീല്‍ഡ് മാത്രമാണ് അംഗീകരിക്കുന്നത്.
വാക്സിന് എടുക്കാത്തവര്‍ക്കോ, ഒരു ഡോസ് മാത്രം എടുത്തവര്‍ക്കോ ശ്രീലങ്കയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.
അതേസമയം, ഒരു ഡോസ് വാക്സിന് എടുക്കുകയും പിന്നീട് കോവിഡ് വന്ന് ഭേദമാവുകയും ചെയ്തവര്‍ക്ക് ശ്രീലങ്കയിലേക്ക് വരാം. 28 മുതല്‍ 90 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമായവര്‍ക്കാണ് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുക. ഇവര്‍ ഇക്കാര്യം വ്യക്തമാക്കുന്ന രേഖയും ഹാജരാക്കണം.
ആസ്ട്രാസെനെക്ക, ഫൈസര്‍ ബയോന്‍ടെക്, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് തുടങ്ങിയ വാക്സിന് എടുത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
ശ്രീലങ്കയിലേക്ക് നേരിട്ട് പോകുന്നതിന് മുമ്പ് മുന്‍കൂട്ടി ടൂറിസ്റ്റ് വിസ എടുക്കേണ്ടതുണ്ട്. eta.gov.lk എന്ന വെബ്സൈറ്റ് വഴി വിസ ലഭിക്കും. വിസക്ക് അപേക്ഷിക്കുന്നതിന് മുമ്ബ്, ശ്രീലങ്കയിലെ ആദ്യത്തെ രണ്ട് ദിവസം താമസിക്കാന്‍ ത്രീ സ്റ്റാറോ അതിന് മുകളിലോ ഉള്ള ഹോട്ടല്‍ റൂം ബുക്ക് ചെയ്യണം. വിമാനത്താവളത്തില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തി ഈ ഹോട്ടലിലേക്കാണ് പോകേണ്ടത്. ഫലം നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ.
യാത്രക്കാര്‍ കോവിഡ് -19 ലോക്കല്‍ ട്രാവല്‍ ഇന്‍ഷുറന്‍സിനും ആര്.ടി.പി.സി.ആര് ടെസ്റ്റിനും പണം നല്‍കണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന ഉണ്ടാകില്ല. അതേസമയം, രക്ഷിതാക്കള്‍ക്ക് കോവിഡ് ലക്ഷണമുണ്ടെങ്കില്‍ ഇവരെയും പരിശോധിക്കും.
ശ്രീലങ്കയെ കൂടാതെ ഒമാന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളും രണ്ട് വാക്സിന് എടുത്ത ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നുണ്ട്. എന്നാല്‍, ഈ രാജ്യങ്ങള്‍ കോവിഷീല്‍ഡ് മാത്രമേ അംഗീകരിച്ചിട്ടുള്ളൂ.