മലപ്പുറം: ഹരിത നേതാക്കളെ പി കെ. നവാസ് ഉൾപ്പടെയുള്ള എം.എസ്.എഫ് നേതാക്കൾ അധിക്ഷേപിച്ചതിൽ നടപടി വേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനം. വിഷയത്തിൽ പി കെ.നവാസ് ഫേസ്ബുക്കിലൂടെ ഖേദപ്രകടനം മാത്രം നടത്തും. ഹരിതനേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയും പിൻവലിക്കും. ഹരിതയെ മരവിപ്പിച്ച നടപടിയും ഇല്ലാതാക്കും.
ഹരിതയേയും എംഎസ്എഫിനേയും ഒരുമിച്ച് കൊണ്ടു പോകാൻ പ്രത്യേക സെൽ രൂപീകരിക്കുമെന്നും ലീഗ് വ്യക്തമാക്കി. നേരത്തെ വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് എംഎസ്എഫ് നേതാക്കളെ സസ്പെൻഡ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തള്ളിയാണ് ലീഗ് പ്രസ്താവന. ‘ഹരിത’ നേതാക്കളെ എംഎസ്എഫ് ഭാരവാഹികൾ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്‌ലിം ലീഗ് ഉന്നത നേതൃത്വം ഇരു വിഭാഗവുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.കെ. മുനീർ എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, മലപ്പുറം ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് സംസാരിച്ചത്.
ഹരിത സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ‘ഹരിത’ ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തായത്.

















