ന്യൂഡൽഹി: എംപിമാരും എംഎൽമാരും പ്രതികളായ 36 കേസുകൾ സംസ്ഥാന സർക്കാർ അനുമതിയില്ലാതെ പിൻവലിച്ചതായി കേരള ഹൈക്കോടതി. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതി സുപ്രീംകോടതിക്ക് കണക്ക് നൽകി.2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചിട്ടുണ്ട്.

















