തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിലെ പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാർ പരാതി നൽകി. എഡിജിപി ശ്രീജിത്തിനാണ് പരാതി നൽകിയത്. ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയിൽ ആരോപിക്കുന്നു.
കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ആയിരുന്നു പി. ധനേഷ് കുമാർ. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡി.എഫ്.ഒമാരിൽ ഒരാൾ ധനേഷ്കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതല ധനേഷ് വഹിച്ചിരുന്നു.കേരളത്തിലെ പല റേഞ്ചുകളിലെ വനഭൂമികളിലെ നിരവധി കൊള്ളകളും കൈയേറ്റങ്ങളും തടയുകയും വനം സംരക്ഷിക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഡിപ്പാർട്ട്മെന്‍റിൽ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ധനേഷ് കുമാര്‍.
അതേസമയം മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തില്‍ 24 ന്യൂസ് ചാനലിന്‍റെ മലബാര്‍ റീജനല്‍ ചീഫ് ദീപക് ധര്‍മടത്തിനെതിരെ മാനേജ്മെന്‍റ് നടപടി സ്വീകരിച്ചു . ദീപക്കിനെ മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ചീഫ് റിപ്പോര്‍ട്ടര്‍ അർജുൻ മട്ടന്നൂരിനാണ് നിലവില്‍ കോഴിക്കോട് ബ്യൂറോയുടെ ചുമതല. ദീപക്കിന്‍റെ പങ്ക് വെളിപ്പെടുത്തിയുള്ള വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍ അന്വേഷണ റിപ്പോര്‍ട്ടും പ്രതികളുമായുള്ള ദീപക്കിന്‍റെ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണ രേഖകളും ബുധനാഴ്ച്ച പുറത്തുവന്നിരുന്നു.

















