മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ വെട്ടി മാറ്റുന്നവർക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണെന്നും മലപ്പുറത്ത് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ 1921ൽ നടന്ന സ്വതന്ത്ര സമരത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
മലബാർ കലാപം വർഗീയ ലഹളയെന്ന് ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. മലബാർ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അതിലെ അവിസ്മരണീയ ഏടാണ് പൂക്കോട്ടൂർ യുദ്ധമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

















