മൈസൂരു: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്. മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് സംഭവം. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ബോധരഹിതയായ പെൺകുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികൾ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെൺകുട്ടിയെ ബലാൽസംഗം ചെയ്തത്. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടി മഹാരാഷ്ട്ര സ്വദേശിയെന്നാണ് പ്രാഥമിക നിഗമനം. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. സംഭവത്തിൽ മൈസൂരു അല്ലനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
















