പത്തനംതിട്ട: ഉത്രട്ടാതി വള്ളംകളിക്ക് സമാപനം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആചാര അനുഷ്ടാന നിറവിലായിരുന്നു ജലോത്സവം. അൻപത്തിരണ്ടു കരകളെ പ്രതിനിധീകരിച്ചു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മൂന്നു വള്ളങ്ങൾ പമ്പ നദിയിൽ വള്ളംകളിയുടെ പ്രതീതി ജനിപ്പിച്ച് ജലമേള ചടങ്ങ് മാത്രമാക്കി നടത്തി. കിഴക്ക്, മദ്ധ്യേ, പടിഞ്ഞാറു മേഖലകളെ പ്രതിനിധീകരിച്ചു കോഴഞ്ചേരി, മാരാമൺ, കിഴുവൻമഴി എന്നീ പള്ളിയോടങ്ങളാണ് മാറ്റുരച്ചത്.
രാവിലെ പതിനൊന്നു മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്ര കടവിൽ എത്തിയ പള്ളിയോടങ്ങളെ വെറ്റില, പുകയില എന്നിവ നൽകി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. സി രാജന്റെ അധ്യക്ഷതയിൽ പള്ളിയോടങ്ങളെ വഞ്ചി പാട്ടിന്റെ അകമ്പടിയോടു കൂടി പള്ളിയോടാ സേവാസംഘ പ്രതിനിധികൾ സ്വീകരിച്ചു. ആന്റോ ആന്റണി എംപി ജലമേള ഫ്ലാഗ് ഓഫ് ചെയ്തു. മാർഗ ദർശക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ത ഭദ്ര ദീപം കൊളുത്തി.
ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ, ഡെപ്യൂട്ടി കളക്ടർ, കോഴഞ്ചേരി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റുമാർ, ദേവസ്വം ബോർഡ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻ വർഷങ്ങളിൽ ഉള്ളതുപോലെ പൊതു ജനങ്ങൾക്ക് ജലമേളയിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. പള്ളിയോട പ്രതിനിധികൾക്കും നിശ്ചയിക്കപ്പെട്ടവർക്കും തിരിച്ചറിയൽ രേഖകൾ നൽകി പള്ളിയോട ചടങ്ങുകളിലേക്ക് പ്രവേശനം നൽകി.ആരവം ഇല്ലാതെ ആറന്മുള ഉത്രുട്ടാതി ജലോത്സവം സമാപിച്ചു.

















