ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്നെ നയിക്കും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും പഞ്ചാബ് തെരഞ്ഞെടുപ്പ് നേരിടുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. അടുത്ത വർഷമാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുക.
നവ്‌ജോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും വിമത നീക്കവുമായി രംഗത്തെത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വം അമരീന്ദര്‍ സിങ്ങിനെ തെരഞ്ഞെടുപ്പ് പ്രചാരണ ദൗത്യം ഏല്‍പ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദര്‍ സിങ്ങിനെ മാറ്റണമെന്ന ആവശ്യത്തില്‍ ഇന്നലെയും കോണ്‍ഗ്രസിലെ വിമതര്‍ യോഗം ചേര്‍ന്നിരുന്നു.
നാലു മന്ത്രിമാരടക്കം 23 എം.എല്‍.എമാരാണ് യോഗം ചേര്‍ന്നത്. ക്യാപ്റ്റനെ മാറ്റാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നായിരുന്നു യോഗത്തില്‍ കാബിനറ്റ് മന്ത്രിയായ ത്രിപ്ത് രജീന്ദര്‍ സിങ് പറഞ്ഞത്. ഇവര്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടും ഈ ആവശ്യമുന്നയിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അമരീന്ദര്‍ സിങ്ങിനെ പ്രചാരണ നേതൃത്വം ഏല്‍പ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.
















