ന്യൂഡൽഹി; അഫ്ഗാനിൽ നിന്ന് ഇന്ത്യയിലെത്തിയ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.അഫ്ഗാനിലെ ഗുരുദ്വാരയിൽ നിന്ന് ഗുരു ഗ്രന്ഥ സാഹിബ് തിരികെ കൊണ്ടുവന്ന മൂന്ന് സിഖുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എല്ലാവരെയും ക്വാറന്‍റീനിലാക്കി. വൈറസിന്‍റെ അടയാളങ്ങളൊന്നും കാണിക്കാത്തവരാണ് രോഗികളെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് ഓഗസ്റ്റ് 23 മുതൽ നിർബന്ധിത ക്വാറന്റൈൻ ആരംഭിച്ചത്. അഫ്ഗാനിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർ നജാഫ്ഗറിലെ ചൗള ക്യാമ്പിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
















