മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ അധിക്ഷേപിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ജാമ്യം. മുംബൈ മഹാഡ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രത്നഗിരിയിലെ സംഗമേശ്വർ പോലീസാണ് മന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്.
മുഖ്യമന്ത്രിയെ അടിച്ചേക്കുമെന്ന പരാമർശത്തിൽ നാരായൺ റാണെയ്ക്കെതിരെ പൂന, നാഷിക്, റായ്ഗഡിലെ മഹാദ് എന്നിവിടങ്ങളിൽ പോലീസ് കേസെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ 20 വർഷത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് അദ്ദേഹം.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ഏതാണെന്നറിയാത്ത താക്കറെയെ അടിച്ചേനെയെന്നായിരുന്നു റാണെയുടെ പരാമർശം. സ്വാതന്ത്ര്യം ലഭിച്ച വർഷം ഏതാണെന്ന് മുഖ്യമന്ത്രിക്കറിയാത്തത് ലജ്ജാകരമാണ്. ഓഗസ്റ്റ് 15ന് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവെ സ്വാതന്ത്ര്യം കിട്ടിയ വർഷത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം പിന്നിലേക്ക് നോക്കി. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ അടിച്ചേനെ– തിങ്കളാഴ്ച റായ്ഗഡ് ജില്ലയിൽ നടന്ന ജൻ ആശീർവാദ് യാത്രയ്ക്കിടെ റാണെ പറഞ്ഞു.
















