മുബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെ മുംബൈയിൽ അറസ്റ്റിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ തല്ലുമെന്ന വിവാദ പ്രസ്‍താവനയെ തുടർന്നാണ് അറസ്റ്റ്. ഉദ്ധവ് താക്കറെയ്ക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ വര്‍ഷം പോലും അറിയില്ല. ഒരു പ്രസംഗത്തില്‍ അദ്ദേഹം അത് മറന്നുപോയി. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ തല്ലുമായിരുന്നു എന്നായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പ്രസ്താവന. സംഭവം വിവാദമായി.
]പ്രസംഗം വിവാദമായതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരും ശിവസേന പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. ഇന്നും നാരായണ്‍ റാണെയുടെ വസതിക്ക് സമീപം രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ നാരായണ്‍ റാണെയ്ക്ക് എതിരെ ശിവസേന പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
















