ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ കാബൂളിൽനിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയർഇന്ത്യാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. 25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരാണ് വിമാനത്തിലുള്ളത്. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ ഇന്നലെയാണ് താജിക്കിസ്ഥാനില്‍ എത്തിയത്. ഇവരെ സ്വീകരിക്കാൻ മന്ത്രിമാരായ ഹർദീപ് പുരി, വി മുരളീധരൻ എന്നിവർ വിമാനത്താവളത്തിലെത്തി.
അതേസമയം താലിബാൻ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുേമ്പാഴും അഫ്ഗാനിൽനിന്ന് ആയിരങ്ങൾ പലായനം തുടരുകയാണ്. രാജ്യം വിടാൻ നൂറുകണക്കിന് ആളുകൾ കാത്തിരിക്കുന്ന കാബൂൾ വിമാനത്താവളത്തിനുള്ളിൽ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ ഏഴുപേർ കൊല്ലപ്പെട്ടതായാണ് ബ്രിട്ടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂൾ വിമാനത്താവളത്തിന് സമീപം 20 പേർ മരിച്ചതായി നാറ്റോയും പറയുന്നു.
















